തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ രണ്ടാംഘട്ട മൂല്യ നിർണയം ആരംഭിച്ചു. എസ്എസ്എൽസി ഉത്തരക്കടലാസുകൾ 54 ക്യാമ്പുകളിലായും ഹയർസെക്കന്ററി 94 ക്യാമ്പുകളിലുമായാണ് മൂല്യ നിർണയം നടത്തുന്നത്. രണ്ടാഴ്ചക്കകം മൂല്യനിർണയം പൂർത്തിയാക്കാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കൊവിഡ് സുരക്ഷ മാനദണ്ഡങ്ങളോടെയാണ് സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണയത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിച്ചത്. രാവിലെ ഒൻപതര മുതൽ വൈകിട്ട് നാലര വരെയാണ് മൂല്യ നിർണയം. സാമൂഹ്യ അകലം പാലിച്ചുള്ള സംവിധാനമാണ് എസ്എസ്എൽസി ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന 54 ക്യാമ്പുകളിലും ഹയർസെക്കൻഡറി ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന 94 ക്യാമ്പുകളിലുമായി അധ്യാപകർക്കായി ഒരുക്കിയിട്ടുള്ളത്.
13 പേപ്പറുകൾ വീതം രാവിലെയും ഉച്ചയ്ക്കുമായാണ് മൂല്യ നിർണയം നടത്തുക. രണ്ടാഴ്ചക്കകം മൂല്യനിർണയം പൂർത്തിയാക്കാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നാം ഘട്ടത്തിൽ എഴുതിയ പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഉടൻ പൂർത്തിയാകും. തുടർന്ന് മെയ് 26 മുതൽ നടത്തിയ പരീക്ഷകളുടെയും മൂല്യനിർണയം രണ്ടാഴ്ചക്കുള്ളിൽ നടത്തും. പൊതുഗതാഗത സംവിധാനം ലഭ്യമായതോടെ നിയോഗിക്കപ്പെട്ട അധ്യാപകരെല്ലാം ക്യാമ്പുകളിൽ എത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകർ മൂല്യനിർണയത്തിന് എത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളിലായി ഒൻപത് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതി ഫല പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.