X Close
X

ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കേണ്ടന്ന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള അനീതി: മുല്ലപ്പള്ളി രാമചന്ദ്രന്‍


തിരുവനന്തപുരം: ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കേണ്ടന്ന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള അനീതിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ദരിദ്രരെയും പ്രളയബാധിതരേയും പട്ടിണിക്കിട്ട് കോടികള്‍ പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

അധിക ചെലവ് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കാനാവില്ലെന്ന സര്‍ക്കാര്‍  നിലപാട് പ്രതിഷേധാര്‍ഹമാണ്. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെടുന്ന അഞ്ചുലക്ഷം പേരാണ് സര്‍ക്കാര്‍ ഓണക്കിറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ദുരിതം അനുഭവിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. 

ഓണക്കിറ്റിലും സ്പെഷ്യൽ പഞ്ചസാര നല്‍കുന്നതിലും ലാഭം നോക്കുന്ന ഇടതു സര്‍ക്കാര്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്നത് കോടികളാണ്. സംസ്ഥാന സര്‍ക്കാരിന്റെ 'ആയിരം ദിനം' പരിപാടിക്കും മന്ത്രി മന്ദിരം മോഡി പിടിപ്പിക്കാനും വിലകൂടിയ കാറുകള്‍ വാങ്ങാനും ഇഷ്ടക്കാരെ അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ നിയമിക്കാനും പൊടിച്ചത് സാധരണക്കാരന്റെ നികുതി പണമാണ്. ഇത്തരം അനാവശ്യ ചെലവുകള്‍ സര്‍ക്കാര്‍ ഒഴുവാക്കിയിരുന്നെങ്കില്‍ സാധാരണക്കാരന് ഓണം സന്തോഷത്തോടെ ആഘോഷിക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

അധികചിലവ് താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രിയുടെ വിശദീകരണം.

ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട  ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

ബിപിഎൽ അടക്കം പതിനാറ് ലക്ഷം പേർക്ക്  ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നതാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങി. എന്നാല്‍ ഈ ഓണത്തിന് അതും ഇല്ലാതാകുകയാണ്. ധനവകുപ്പിന്‍റെ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലെയ്കോ വിശദീകരിക്കുന്നത്.