X Close
X

കെവിൻ വധം: കോടതി ഇന്ന് വിധി പറയും; ദുരഭിമാനക്കൊലയെന്ന് വിധിച്ചാൽ വധശിക്ഷ ലഭിച്ചേക്കും


KEVIN130052018113446

കോട്ടയം: കെവിൻ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറയുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്‍റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. 

കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കും. ആഗസ്റ്റ് 14ന് കെവിൻ വധക്കേസില്‍ വിധി പറയാനിരുന്ന കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്‍റെയും വിശദീകരണം കേട്ടു. ഇന്ന് അന്തിമ വിധി വരുമ്പോള്‍ ദുരഭിമാനക്കൊലയായി കേസ് കോടതി കണക്കാക്കുമോ എന്നതാണ് ഏറെ നിര്‍ണ്ണായകം. ദുരഭിമാനക്കൊലയാണെന്ന വിധി വന്നാല്‍ ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിൻ കേസ് കണക്കാക്കാം. പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. 

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്‍റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛൻ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കെവിന്‍റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാൻ കോടതിയില്‍ എത്തില്ല.

(ANWESHANAM)