X Close
X

പൊടിശല്യത്തില്‍ പൊറുതിമുട്ടി; പ്രതിഷേധവുമായി മരട് നിവാസികൾ


maaa

കൊച്ചി: മരടില്‍ സ്ഫോടനത്തില്‍ തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാതെ നീക്കം ചെയ്യുന്നതാണ് ഇനിയുള്ള വെല്ലുവിളി. പൊടിശല്യത്തില്‍ പൊറുതിമുട്ടിയ പരിസരവാസികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മരട് നഗരസഭാധ്യക്ഷയെ ഉപരോധിച്ചു. ഫ്ളാറ്റുകള്‍ പൊളിച്ചപ്പോള്‍ ഉയര്‍ന്ന പൊടി അന്തരീക്ഷ മലിനീകരണത്തിന് കാരണമായിട്ടില്ലെന്നാണ് എം.ജി സര്‍വകലാശാല പരിസ്ഥിതി വിഭാഗം നടത്തിയ പഠനത്തിലെ പ്രാഥമിക വിലയിരുത്തല്‍. 

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ യജ്ഞത്തിന്റെ തുടക്കം മുതല്‍ സ്വസ്ഥത നഷ്ടപ്പെട്ട കുടുംബങ്ങളാണിത്. ഒടുവില്‍ നിയന്ത്രിതസ്ഫോടനത്തിലൂടെ നാല് ഫ്ളാറ്റുകളും കോണ്‍ക്രീറ്റ് കൂനകളായി നിലംപതിച്ചപ്പോള്‍ പൊടിപടലം നിറഞ്ഞ അന്തരീക്ഷത്തിലെ വായു ശ്വസിക്കേണ്ട ഗതികേടിലുമായി. പൊടിശല്യം കുറയ്ക്കാന്‍ വെള്ളം തളിയ്ക്കുമെന്ന ഉറപ്പ് അധികൃതര്‍ മറന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം ദിനവും ഇവര്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയത്. വീടിനുള്ളില്‍ കിടന്ന് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. ഫ്ളാറ്റുകള്‍ പൊളിച്ചപ്പോള്‌ പടര്‍ന്ന പൊടി അന്തരീക്ഷ മലിനീകരണത്തിന് കാരണമായിട്ടില്ലെന്നാണ് എംജി സര്‍വകലാശാലയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട്. 200 മീറ്ററിനപ്പുറം മലിനീകരണം സാധാരണ നിലയില്‍ മാത്രമെന്നാണ് വിലയിരുത്തല്‍.

കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്ന് കമ്പികള്‍ വേര്‍തിരിച്ചെടുക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും. അതിന് ശേഷമേ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തുടങ്ങൂ. ആല്‍ഫ സെറിന് സമീപമുള്ള ഏഴ് കുടുംബങ്ങള്‍ക്ക് ഇത് കഴിഞ്ഞ് മാത്രമേ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്താന്‍ കഴിയൂ. വീടുകളെല്ലാം ഇപ്പോഴും ജിയോ ഷീറ്റ് മറയ്ക്കുള്ളില്‍ തന്നെ.

(ANWESHANAM)