X Close
X

സമാധാന കരാറിൽ അമേരിക്കയും താലിബാനും ഇന്ന് ഒപ്പുവെക്കും; പ്രതീക്ഷയോടെ ലോകം


us-_taliban
Thiruvananthapuram:

ദോഹ: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറില്‍ അമേരിക്കയും താലിബാനും ഇന്ന് ഒപ്പുവെക്കും. കരാര്‍ പ്രാബല്യത്തില്‍ വരുന്ന പക്ഷം നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍ രാഷ്ട്രീയത്തിലേക്ക് താലിബാന്റെ തിരിച്ചുവരവിനും കളമൊരുങ്ങും. ദോഹയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ ഇന്ത്യ, പാകിസ്ഥാന്‍ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് സേനയുടെ പിന്മാറ്റം ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രഖ്യാപനങ്ങളും ഇന്നുണ്ടാകും. അഫ്ഗാനിസ്ഥാനില്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്ന സമാധാന കരാറില്‍ ഇരുപക്ഷവും ഇന്ന് ഒപ്പുവെച്ചേക്കും. കരാറിന്റെ മുന്നോടിയെന്നോണം ഈയാഴ്ച ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരമാവധി കുറച്ചുകൊണ്ടുവരുമെന്ന ധാരണ ഇരുകക്ഷികളും പാലിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേനയുടെ പൂര്‍ണമായ പിന്മാറ്റത്തിന് തീയതി കുറിക്കണമെന്ന താലിബാന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം കരാറിന്റെ ഭാഗമായി ഇന്നുണ്ടായേക്കും. പകരം അന്തര്‍ദേശീയ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കില്ലെന്നും അല്‍ഖ്വയദ ഉള്‍പ്പെടെയുള്ള ഭീകരവാദ പ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളെല്ലാം അവസാനിപ്പിക്കുമെന്ന ഉപാധി താലിബാനും അംഗീകരിച്ചേക്കും.

2018 മുതല്‍ ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ദോഹയില്‍ വെച്ച്‌ നടക്കുന്ന യു.എസ് താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്നത്തോടെ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, എന്തൊക്കെ നിബന്ധനകളും വ്യവസ്ഥകളുമാണ് കരാറിലുള്ളതെന്ന കാര്യം ഇനിയും വ്യക്തമല്ല. 

അയല്‍രാജ്യങ്ങളെന്ന നിലയില്‍ പാകിസ്ഥാന്റെയും ഇന്ത്യയുടെയും പ്രതിനിധികള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഖത്തറിന്റെ ക്ഷണമനുസരിച്ച്‌ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി.കുമരൻ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പാക് വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ദോഹയിലെത്തിയിട്ടുണ്ട്.