X Close
X

എലിപ്പനി പടർന്നു പിടിക്കാതെയിരിക്കാൻ എല്ലാപേരും പ്രതിരോധം ഉറപ്പു വരുത്തണം:ജി സുധാകരൻ


ആലപ്പുഴ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ എലിപ്പനി പടർന്നു പിടിക്കാൻ സാധ്യത കൂടുതലായതിനാൽ എല്ലാവരും ഡോക്സിസൈക്ലിൻ ഗുളിക കഴിച്ച് പ്രതിരോധം ഉറപ്പു വരുത്തണമെന്ന്  പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ.  മഴയും വെള്ളക്കെട്ടും മൂലം മലിനജലം കൂടുതലായി കാണപ്പെടുന്ന സാഹചര്യമായതിനാൽ സംസ്ഥാന വ്യാപകമായി തന്നെ ആരോഗ്യ വകുപ്പ് പ്രതിരോധ ഗുളിക വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഡോക്‌സി ഡേയോടനുബന്ധിച്ച് എലിപ്പനി പ്രതിരോധ ഗുളികയുടെ ജില്ലാതല വിതരണ ഉദ്ഘാടനം കളക്ട്രേറ്റ് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോക്‌സി സൈക്ലിൻ  പ്രതിരോധ ഗുളിക കഴിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. 

മഴക്കെടുതിയിൽ  മലിനജലവുമായി നേരിട്ട് സമ്പർക്കമുണ്ടായ മുഴുവൻ ജനങ്ങൾക്കും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ജില്ലയിൽ വിതരണം ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആറു ശനിയാഴ്ചകളിലായാണ് ഡോക്സിഡേ ആചരണം. ആശുപത്രികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട്ജെട്ടികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക ഡോക്സി ബൂത്തുകൾ സ്ഥാപിച്ച് ഗുളിക സൗജന്യമായി വിതരണം ചെയ്യും.
 
സബ് കളക്ടർ വി.ആർ കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജി. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ടി. മാത്യു, വാർഡ് അംഗം നൗഫൽ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ.  അനിത കുമാരി, ഡെപ്യൂട്ടി ഡിഎംഒ  ഡോ. വിദ്യ, നാഷണൽ ഹെൽത്ത് മിഷന്റെ ജില്ല പ്രോഗ്രം ഓഫീസർ ഡോ. രാധാകൃഷ്ണൻ, വനിതാ ശിശു ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരൻ പിള്ള, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.