X Close
X

കരുണ സംഗീത നിശാ വിവാദത്തിൽ അന്വേഷണം അട്ടിമറിക്കാൻ സിപിഐഎം ശ്രമിക്കുന്നു; സന്ദീപ് വാര്യർ


image_2013021917232329

കൊച്ചി: കരുണ സംഗീത നിശാ വിവാദത്തിൽ അന്വേഷണം അട്ടിമറിക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് പരാതിക്കാരനായ യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ. ഇതിനുള്ള തെളിവാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന് സിപിഐഎം ജില്ലാ നേതൃത്വം നൽകിയ പിന്തുണ എന്ന് അദ്ദേഹം ആരോപിച്ചു. കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം ജില്ലാ നേതൃത്വം മ്യൂസിക് ഫൗണ്ടേഷന് നൽകുന്ന പിന്തുണ അന്വേഷണത്തിന് എതിരാണ്. തട്ടിപ്പ് നടത്തിയതിലുള്ള ജാള്യത മറച്ചുവെക്കാനാണ് കൊച്ചിൻ മ്യൂസിക് ഫൗണ്ടേഷൻ സംഘാടകർ അന്വേഷണം ആവശ്യപ്പെട്ടതെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി

സംഗീത നിശയിൽ സാമ്പത്തിക ക്രമക്കേടെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിനു മുൻപാകെയാണ് സന്ദീപ് വാര്യർ മൊഴി നൽകിയത്. ക്രമക്കേട് തെളിയിക്കുന്ന രേഖകളും വിവരങ്ങളും ക്രൈംബ്രാഞ്ചിന് നൽകിയെന്നും സന്ദീപ് വാര്യർ പറഞ്ഞു. കൊച്ചിൻ മ്യൂസിക് ഫൗണ്ടേഷൻ പ്രതിനിധികളിൽ നിന്ന് അന്വേഷണം സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശക്തമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ മാത്രം കേസെടുക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. പ്രളയദുരിതാശ്വാസ പ്രവർത്തകരെ സഹായിക്കാൻ കൊച്ചിയിൽ നടത്തിയ സംഗീത നിശയിൽ ലഭിച്ച തുക സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ലെന്നാണ് ആരോപണം.

ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിക്കറ്റില്‍ നിന്നുള്ള പണം നിക്ഷേപിക്കാന്‍ (6.5 ലക്ഷം) മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്ന് കെഎംഎഫ് കളക്ടറോട് രേഖാമൂലം അപേക്ഷിച്ചിരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കെഎംഎഫ് ഇക്കാര്യം അറിയിച്ചത്. കരുണ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സഹകരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

(ANWESHNAM)