X Close
X

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി


po_0

ദില്ലി: ഭീമാ കൊറേഗാവ് കേസിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആഭ്യന്തര വകുപ്പിന്‍റെ വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്നവരെയെല്ലാം അര്‍ബന്‍ നക്സലുകളായി ചിത്രീകരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഭീമാ കൊറേഗാവ് സമരം ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

ഭീമാ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് അന്വേഷണം എന്‍ഐഎക്ക് വിട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി. അര്‍ബന്‍ നക്സലുകളെന്ന് മുദ്രകുത്തി കഴിഞ്ഞ സര്‍ക്കാര്‍ ജയിലിലടച്ചവരെ മോചിപ്പിക്കാന്‍ ത്രികക്ഷി സര്‍ക്കാരില്‍ ധാരണയായതായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയുളള ഈ തീരുമാനത്തിലൂടെ ഭരണഘടനയെ ഒരിക്കല്‍ കൂടി ബിജെപി അപമാനിച്ചെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‍മുഖ് വിമര്‍ശിച്ചു.

പൂണെയിലെ ഭീമാ കൊറേഗാവില്‍ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്‍റെ 200ാം വാര്‍ഷികം 2018 ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും തമ്മില്‍ ഏറ്റുമുട്ടി. അത് കലാപത്തിലേക്കും വഴിവച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇവിടെ ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ മാവോവാദി സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പൊലീസിന്‍റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ്, ഭീമാ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2018 ഓഗസ്റ്റില്‍ ഗൗതം നവ്ലഖയടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അര്‍ബന്‍ നക്സലുകള്‍ എന്നാണ് പൊലീസും മഹാരാഷ്ട്ര സര്‍ക്കാരും വിശേഷിപ്പിച്ചത്.

(ANWESHANAM)