X Close
X

ശബരിമല കർമ്മസമിതിയുടെ സംസ്ഥാന സമിതി യോഗം ഇന്ന് പന്തളത്ത്


Sabarimala

തിരുവനന്തപുരം: ശബരിമല കർമ്മസമിതിയുടെ സംസ്ഥാന സമിതി യോഗം ഇന്ന് പന്തളത്ത് ചേരും. ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ആചാര സംരക്ഷണത്തിനായുള്ള നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദം ശക്തമാക്കാനാണ് നീക്കം. രാവിലെ പത്ത് മണിയോടെയാണ് യോഗം. 

ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സാഹചര്യങ്ങളും യോഗം വിലയിരുത്തും. അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി നിരന്തരം സമരം നടത്തിയിരുന്നെങ്കിലും കേന്ദ്രസർക്കാർ സ്ത്രീ പ്രവേശനം തടയുന്നതിനുള്ള ഓര്‍ഡിനൻസ് ഇറക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ ബിജെപി നടത്തിയ സമരങ്ങൾ തട്ടിപ്പായിരുന്നെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

എംപിമാരായ ശശി തരൂർ, ആന്‍റോ ആന്‍റണി എന്നിവര്‍ ഓര്‍ഡിനൻസ് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ ഉന്നയിച്ച ചോദ്യത്തിന്, റിവ്യു ഹര്‍ജിയിൽ തീരുമാനം വരുന്നത് വരെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച ഓര്‍ഡിനൻസിന് സാധ്യതയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പ്രശ്നം സുപ്രീം കോടതിയിലാണെന്ന ഒറ്റവരി മറുപടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നൽകിയത്.

(ANWESHANAM)