X Close
X

സിപിഐ നേതാക്കള്‍ക്ക് എതിരായ ലാത്തിച്ചാര്‍ജ്; കൊച്ചി സെൻട്രൽ എസ്ഐയെ സസ്പെൻ‍ഡ് ചെയ്തു


kerela1

കൊച്ചി: സിപിഐ നേതാക്കള്‍ക്ക് മർദ്ദനമേറ്റ ലാത്തിച്ചാർജ് വിവാദത്തിൽ ഒടുവിൽ പൊലീസ് നടപടിയെടുത്തു. കൊച്ചി സെൻ‍ട്രൽ എസ്.ഐ വിപിന്‍ദാസിനെ ഡിഐജി സസ്പെൻഡ് ചെയ്തു. 

സി.പി.ഐ കൊച്ചി ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ടാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്.ഐ വിപിന്‍ദാസിനെ സസ്പെന്‍ഡ് ചെയ്തത്. കൊച്ചി ഡി.ഐ.ജിയുടേതാണ് നടപടി. ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് പരിക്ക് പറ്റിയിരുന്നു. ലാത്തിച്ചാര്‍ജിനിടെ എം.എല്‍.എയെ ഉള്‍പ്പെടെ തിരിച്ചറിയുന്നതില്‍ എസ്.ഐക്ക് നോട്ടക്കുറവുണ്ടായി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതായും ആരോപണമുയര്‍ന്നു.

സംഭവത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി എറണാകുളം കലക്ടര്‍ എസ് സുഹാസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് എം.എല്‍.എ ഉള്‍പ്പെടെ സി.പി.ഐ നേതാക്കള്‍ക്കെതിരെയും കേസ് നിലവിലുണ്ട്. പൊലീസ് നടപടിക്കെതിരെ സി.പി.ഐ നേതാക്കള്‍ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിരുന്നു. അസിസ്റ്റന്‍റ് കമ്മീഷണര്‍ ലാല്‍ജിക്കെതിരെ കൂടി നടപടി വേണമെന്നാണ് സി.പി.ഐ ആവശ്യം. അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നും ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു
 
 

(ANWESHANAM)